ചിലപ്പോഴൊക്കെ സര്‍ക്കാരുകളും തമാശ പറയുകയും തമാശ കളിക്കുകയുകയും ഒക്കെ ചെയ്യാറുണ്ട്. അത്തരം ഒരു തമാശ അതും നല്ല നിലവാരമുള്ള ഒരു തമാശയായിരുന്നു ഈയിടെ കേരള സര്‍ക്കാരിന്റെ മദ്യ നയവും അതിനുശേഷം കേരള ബീവറേയ്ജസ് കോര്‍പ്പറേഷനും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പരിപാടികളും. വിജയ് മല്ല്യയും അതുപോലുള്ള ചില തമാശകള്‍ നടപ്പിലാക്കിയിരുന്നു. അതിലൊന്നാണ് ശബരി മലയില്‍ അവര്‍ സ്പോണ്സര് ചെയ്ത പതിനെട്ടാം പടിയുടെ സ്വര്‍ണ്ണം പൊതിയല്‍. ശബരി മലയില്‍ ദര്‍ശനത്തിന് തയ്യാറെടുക്കുന്നവര്‍ നോമ്പുനോല്ക്കുന്ന സമയത്ത് മദ്യത്തില്‍ നിന്നും വിട്ടുനില്‍ക്കാറുണ്ട്. ആചാരപരമായി ശബരിമലയിലും പരിസരത്തും മദ്യം നിഷിദ്ധവുമാണ്. എന്നാല്‍ മദ്യരാജാവിന്റെ പണംകൊണ്ട് ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തില്‍ പൊന്നു പൊതിയുന്നതിന് അതൊന്നും തടസ്സമായില്ല. അതുപോലെ തന്നെ വിജയ് മല്ല്യയും ഒരു ലഹരി വിമോചനകേന്ദ്രവും നടത്തുന്നുണ്ടെന്നാണറിവ്. അതുപോലെ ഒരു തമാശയാണ് KSBC യുടെ കീഴില്‍ വരാന്‍ പോകുന്ന ലഹരിവിമോചനകേന്ദ്രവും. ഒരേ സമയം കേരളത്തിലെ മദ്യ വില്പനയുടെ കുത്തക കയ്യാളുകയും പൊതുജനങ്ങളെ മുഴുക്കുടുയന്മാരാക്കി വന്‍ലാഭം കൊയ്യുകയും ചെയ്യുന്ന KSBC യും അതിനെ പ്രോത്സാഹിപ്പിച്ച് അതില്‍ നിന്ന് ആയിരകണക്കിന് കോടിരൂപ ഖജനാവിലേക്ക് സ്വരുപിക്കുന്ന കേരളസര്കാരും ഇത്തരത്തിലുള്ള ഒരു തമാശ കാണിക്കുകയാണ് …..അതിക്രൂരമായ ഒരു തമാശ.
കേരളജനത 2008 വര്‍ഷം കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്ക് കേട്ടാല്‍ തന്നെ ആരും അത്ഭുതപ്പെട്ടുപോകുമെന്നത് തീര്‍ച്ചയാണ്. 340 ലക്ഷത്തോളം വരുന്ന കേരളീയര്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം അകത്താക്കിയത് 15.94 കോടി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ്. 2007 ലാകട്ടെ ഇത് പതിമൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമായിരുന്നു. 2007 നെ അപേക്ഷിച്ച് 2.62 കോടി ലിറ്റര്‍ കൂടുതലാണിത്. ആളോഹരി ശരാശരി മദ്യോപഭോഗം കണക്കാക്കിയാല്‍ 4.19 ലിറ്റര്‍ മദ്യമാണ് ഒരോ മലയാളിയും കഴിഞ്ഞ വര്‍ഷം കുടിച്ചുതീര്‍ത്തത്. ഇന്ത്യയിലെ ശരാശരി ആളോഹരി മദ്യത്തിന്റെ ഉപഭോഗത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്കുന്നത് നമ്മുടെ ഈ കൊച്ചുകേരളം തന്നെയാണ്. 20 ലക്ഷത്തോളം കേരളമക്കള്‍ ദിനംപ്രതി മദ്യം സേവിക്കുന്നവരാകുന്നു. 70 ലക്ഷത്തോളം കേരളീയര്‍ മാസത്തില്‍ ഒരു തവണയെങ്കിലും മദ്യപിക്കുന്നവരാണ്. 13 വയസ്സിനുള്ളില്‍ തന്നെ നമ്മുടെ കുട്ടികള്‍ മദ്യത്തിന്റെ രുചി ആദ്യമായി അറിയുന്നു. 1986 ഇത് 19 വയസ്സായിരുന്നു. 23 വര്‍ഷം കൊണ്ട് ആദ്യമായി മദ്യപിക്കുന്നവരുടെ വയസ്സില്‍ വന്ന ഈ കുറവ് എല്ലാ മനുഷ്യസ്നേഹികളെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. മദ്യപിക്കുന്നവരില്‍ 14% പേരും 21 വയസ്സിന് താഴെയുള്ളവരാണെന്നറിയമ്പോഴാണ് ഇതിന്റെ ഗൗരവം ശരിക്കും ബോധ്യമാവുന്നത്. ഒരു തലമുറയെ മുഴുവന്‍ കുടിയന്മാരാക്കി തീര്‍ക്കുകയും സമൂഹത്തിനും വ്യക്തിക്കും കുടുംബത്തിനു കൊള്ളരുതാത്തവനാക്കി തീര്‍ക്കുന്ന ഈ അവസ്ഥാവിശേഷത്തിനെതിരെ ആരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തെ പറ്റൂ എന്നായിരിക്കുന്നു.
കൂടാതെ മദ്യം ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണവും ഒട്ടും കുറവല്ല എന്നുമാത്രമല്ല അത് ദിവസേന കൂടികൂടി വരികയുമാണ്. സ്ത്രീകളുടെ മദ്യപാനം വര്‍ദ്ധിച്ചുവരുന്നതിന് പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ എന്നറിയില്ല എങ്കിലും സ്ത്രീകളുടെ പുത്തന്‍ സ്വാതന്ത്ര്യബോധവും, സാമ്പത്തീകമായ സ്വാശ്രയത്തവും, ഒരു കാരണമാണെന്നാണ് എനിക്ക് തോന്നുന്നത്. പുരുഷന്മാര്ക്കാവാമെങ്കില് സ്ത്രീകള്‍ക്കും പറ്റുമായിരിക്കും എന്നായിരിക്കും ചില സ്ത്രീകളെങ്കിലും ചിന്തിക്കുന്നത്. എന്തായാലും മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ എല്ലാവര്ക്കും ഒരുപോലെ തന്നെയാണ്. ഒരു ജനത എന്ന നിലക്ക് കേരളത്തിലെ പുരുഷ–സ്ത്രീജനങ്ങള്‍ മദ്യത്തില്‍ മുങ്ങിമരിക്കുന്നത് എന്തുകൊണ്ടും ആശാസ്യമല്ല.
കേരളത്തിലെ മദ്യവില്പനയുടെ ഒരു ഏകദേശചിത്രം താഴെ കൊടുക്കുന്നു.
വര്‍ഷം വിറ്റുവരവ് നികുതിവരുമാനം (കോടിരൂപ)
2004-05 2,320 1,824
2005-06 2,636 2,056
2006-07 3,143 2,425
2007-08 3,669 2,914
2008-09 4,618 3,614
ഇതുംപോരാഞ്ഞാണ് വിലകുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ ഉല്പാദനത്തിലേക്ക് സര്‍ക്കാര്‍ നേരിട്ട് കടക്കാന്‍ ശ്രമിക്കുന്നത്. ഈ വര്‍ഷത്തെ മദ്യനയത്തിലാണ് ഈ കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. പാലക്കാട് ചിറ്റൂരിലുള്ള ചിക്കോപ്സില് വിലകുറഞ്ഞ വിദേശമദ്യത്തിന്റെ ഉദ്പാദനം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു കഴിഞ്ഞു. കൂടാതെ എക്സൈസ് വകുപ്പ് ഏറ്റെടുത്ത തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗര്‍ ഫാക്ടറിയില്‍ ‘ഫെനി‘ ഉദ്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനും തീരുമാനമായിട്ടുണ്ട്.
ഇതിനുംപുറമെ വിപണനം ചെയ്യുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിലെ സ്പിരിറ്റിന്റെ അളവ് മൂന്നു ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കാന്‍ ഉദ്പാദകര്‍ക്ക് അനുവാദം നല്‍കിയിട്ടുമുണ്ട്. ഇതുപ്രകാരം ഒരു ലിറ്റര്‍ മദ്യത്തില്‍ 45.86% ആല്കഹോള് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കള്ള്ഷാപ്പുകളുടെ വാടക പത്തുശതമാനം കുറക്കുകയും ചെയ്തിരിക്കയാണ്. അങ്ങിനെ എല്ലാ നിലക്കും ജനങ്ങള്‍ക്ക് ചുരുങ്ങിയ ചിലവില്‍ സുലഭമായി മദ്യം ലഭിക്കുന്ന ഒരവസ്ഥാവിശേഷം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മനസ്സിലാക്കാവുന്നതുമാണ്.
ഈ മദ്യ വില്പനയില് നിന്ന് പൊതഖജനാവിലേക്ക് 3614 കോടി രൂപ പലവിധ നികുതികളായും 142 കോടി രൂപ ബീവറേജസ് കോര്‍പ്പറേഷന്റെ ലാഭമായും 2008-09 വര്‍ഷത്തില്‍ മാത്രം എത്തിചേര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ 2008-09 ലെ ആകെ റവന്യു വരുമാനമായ 25063.26 കോടി രൂപയില്‍ 3756 കോടി രൂപയും കള്ള് കച്ചവടത്തില്‍ നിന്ന് മാത്രം കേരളം ഗവര്‍മെണ്ട് സ്വരൂപിച്ചതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സംസ്ഥാനത്തിന്റെ വാര്‍ഷികവരുമാനത്തിന്റെ 15 ശതമാനത്തോളം മദ്യവില്പനയില് നിന്ന് മാത്രമാണ്. കണക്കനുസരിച്ച് KSBC യുടെ 2008-09 വര്‍ഷത്തെ ലാഭം 142 കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുന്നു. ഇങ്ങനെ സ്വന്തം ജനതയെ മദ്യത്തില്‍ മുക്കികൊന്ന് അവന്റെ പിച്ചചട്ടിയിലെ അവസാനത്തുട്ടും കൊള്ളചെയ്യുന്ന ഒരു സര്‍കാര്‍ ലോകത്ത് വെറെ ഏവിടെയെങ്കിലുമുണ്ടോയെന്നറിയില്ല. മദ്യത്തിന് കൂടിയ നികുതികളും തീരുവകളും ഏര്‍പ്പെടുത്തിയത് ജനങ്ങളെ മദ്യത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വേണ്ടിയാണെന്നാണ് പറഞ്ഞുവന്നിരുന്നത്. എന്നാല്‍ ഇന്നത് ഒരു വരുമാനമാര്‍ഗ്ഗമെന്ന നിലയിലാണ് സര്‍കാര്‍ കരുതുന്നത്.
തമാശ ഇതല്ല പക്ഷെ ഇങ്ങിനെ മദ്യവില്പന നടത്തുകമാത്രമല്ല KSBC ചെയ്യുന്നത് അവര്‍ അവരുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനും തയ്യാറായിരിക്കുകയാണ്. അതായത് സര്‍ക്കാര്‍ വിറ്റഴിക്കുന്ന മദ്യം കുടിച്ച് മദ്യപാനാസക്തിക്കടിപ്പെടുന്നവരും പാവപ്പെട്ടവരുമായ ജനതയെ മദ്യപാനാസക്തിയില്‍ നിന്ന് മോചിപ്പിക്കുന്നതിനായി ഒരു ലഹരി വിമോചന കേന്ദ്രം തുടങ്ങാനും KSBC ക്ക് പദ്ധതിയുണ്ട്. അതിനായി ഒരു ആധുനിക മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും അതിനോടനുബന്ധിച്ച് ഒരു ലഹരി വിമോചന കേന്ദ്രവും തുടങ്ങാനുമാണ് പദ്ധതിയിട്ടിട്ടുള്ളത്. ഇതിലും വലിയ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള സര്‍കാര്‍ സ്ഥാപനം വേറെ ഏതുണ്ട്? വേട്ടനായക്കൊപ്പം വേട്ടയാടുകയും മുയലിനൊപ്പം ഓടുകയും ചെയ്യുക എന്നതാണിതെന്ന് എങ്ങിനെ ഒരാള്‍ക്ക് പറയാതിരിക്കാനാകും. KSBC അവരുടെ കൈവശത്തില്‍ തിരുവല്ലയിലുള്ള 70 ഏക്കര്‍ ഭൂമിയില്‍ ഇത്തരം ഒരു സ്ഥാപനം തുടങ്ങുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.
ഇടതും വലതും സര്‍ക്കാരുകള്‍ ഈ കാര്യത്തിലെങ്കിലും വ്യത്യസ്തരല്ല എന്നതാണ് മറ്റൊരു കാര്യം. ഗാന്ധിശിഷ്യന്മാര് മദ്യനിരോധനത്തെക്കുറിച്ച് ഈയിടെയായി സംസാരിക്കുകപോലും പതിവില്ല. മാത്രമല്ല മദ്യപാനികളുടെ കൂട്ടത്തില്‍ അവര്‍ക്ക് നിര്‍ണായകമായ ഭൂരിപക്ഷവുമുണ്ട്. ഇടതന്മാരെന്നു പറയുന്ന ചിലരുണ്ട് മദ്യനിരോധനം പ്രായോഗികമല്ലെന്നും ബോധവല്‍ക്കരണത്തിലൂടെ മദ്യോപഭോഗം കുറച്ചു കുറച്ചു കൊണ്ട് വന്ന് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കണമെന്നും വാദിക്കുന്നവരാണവര്‍. എന്നാല്‍ ഏത് ഗവര്‍മെണ്ട് വന്നാലും മദ്യവില്പനയും മറ്റും വര്‍ദ്ധിച്ചു വരുന്നതാണ് കാണുന്നത്. സര്കാരുകളുടെ മദ്യനയങ്ങളില്‍ കാതലായ യാതൊരു വ്യത്യാസവും കാണാനില്ല.
സര്‍കാരിനെ കൂടാതെ സ്വകാര്യമദ്യമുതലാളിമാര് നടത്തുന്ന കൊള്ള ഇതിനൊക്കെ പുറമെയാണ്. ഇപ്പോഴാകട്ടെ വിനോദസഞ്ചാരത്തിന്റെ പേരു പറഞ്ഞാണ് മദ്യവില്പന കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. വിനോദസഞ്ചാരവ്യവസായത്തിന്റെ പേരില്‍ കൂണുപോലെ ക്ലാസ്സിഫൈഡ് ബാര്‍ ഹോട്ടലുകള്‍ നാടിന്റെ മുക്കിലും മൂലയിലും മുളച്ചു പൊന്തികൊണ്ടിരിക്കുകയാണ്. മിക്കവാറും ഇത്തരം നക്ഷത്രഹോട്ടലുകള്‍ (ബാറുകള്‍) യാതൊരുവിധ വിനോദസഞ്ചാരസാധ്യതകളില്ലാത്ത നാട്ടിന്പുറങ്ങളിലാണെന്ന് ആര്‍ക്കാണറിയാത്തത്? മാത്രമല്ല ഇത്തരം ബാറുകളില്‍ പേരിന് ഒരു എയര്‍ കണ്ടീഷന്‍ ബാറുണ്ടായിരിക്കും. ഇത്തരം ഒരു ബാര്‍ മാത്രമെ ഒരു ഹോട്ടലില്‍ ഉണ്ടായിരിക്കാന്‍ പാടുള്ളു. ഒരു ബാറിന് മാത്രമെ ലൈസന്‍സ് കിട്ടുകയുള്ളു. പക്ഷ ഇത്തരം A/C ബാര്‍ കൂടാതെ ഒരു അനധികൃതമ ലോക്കല്‍ ബാറുമുണ്ടായിരിക്കും. ഈ ലോക്കല്‍ ബാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി മദ്യമുതലാളിയുടെ ഔദാര്യമാണ്. ഇവിടെ നിന്ന് കുടിക്കാനും, ഷെയര്‍ കൂടാനും സൗകര്യമുണ്ടായിരിക്കും. ഈ ബാറുകളാണ് നക്ഷത്രഹോട്ടലുകളെ ലാഭത്തിലാക്കുന്നത്. ഇത്തരം അനധികൃത ബാര്‍ നടത്തിപ്പുകാര്‍ക്കെതിരെ ആരും നടപടികളൊന്നും സ്വീകരിക്കാറില്ല. അഥവാ ഏതെങ്കിലും പോലീസുദ്യോഗസ്ഥന് അതിന് തുനിഞ്ഞാല്‍ ആ നാട്ടിലെ രാഷ്ടീയക്കാര്‍ മാത്രമല്ല, മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്മാരും അയാളെ അതിന് അനുവദിക്കുകയില്ല.
ഇതിനൊക്കെ പുറമെ അനധികൃതമദ്യവ്യാപാരം മൂലമുള്ള കെടുതികള്‍ വേറെയുമുണ്ട്. കേരളത്തിന്റെ അതിര്‍ത്തി കടന്നു വരുന്ന സ്പിരിറ്റ് സംസ്ഥാനത്തുടനീളം രഹസ്യമായും പരസ്യമായും വിറ്റഴിക്കപ്പെടുന്നു. തെക്കന്‍ ജില്ലകളില്‍ കള്ളുഷാപ്പകളിലൂടെ ഏതാണ്ട് പരസ്യമായിത്തന്നെ സ്പിരിറ്റ് വില്‍ക്കപ്പെടുന്നുണ്ടെന്ന് പറയപ്പെടുന്നു. ആയിരകണക്കിന് കോടി രൂപയാണ് ഇത്തരം കള്ളകച്ചവടത്തിലൂടെ ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കപ്പെടുന്നത്. ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും നിരവധിയാണ്. ഒരു മണിച്ചന് മാത്രമെ ജയിലിലായിട്ടുള്ളു. നൂറുകണക്കിന് മണിച്ചന്മാരാണ് ഇപ്പോള്‍ നാട്ടില്‍ വിഹരിക്കുന്നത്. എത്രയെത്ര മദ്യദുരന്തങ്ങളില്‍ എത്രയെത്ര പാവപ്പെട്ട മനുഷ്യര്‍ ചത്തൊടുങ്ങിയിട്ടുണ്ട് ഈ നാട്ടില്‍! ഇങ്ങിനെയൊക്കെയാണെങ്കിലും പോലീസായാലും എക്സൈസ് വകുപ്പായാലും എപ്പോഴും പിടികൂടുന്നത് ചെറുകിട വാറ്റുകാരെയോ, സ്പിരിറ്റ് കടത്തുകരെയോ മാത്രമാണ്. പണവും സ്വാധീനവുമുള്ള വന്‍കിടക്കാര്‍ എപ്പോഴും രക്ഷപ്പെടുന്നു. വലിയ മീനുകള്‍ ഒരിക്കലും വലയില്‍ കുരുങ്ങുന്നില്ല.
പല രാഷ്ട്രീയക്കാര്‍ക്കും ഈ ബിസിനസ്സില്‍ ബിനാമി പങ്കാളിത്തമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നുമുണ്ട്. നേരിട്ട് മദ്യവ്യവസായം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയനേതാക്കളും ഒട്ടും കുറവല്ല. സ്വന്തമായി ബാറുകളും സ്റ്റാര്‍ ഹോട്ടലുകളും റിസോട്ടുകളും മറ്റും നടത്തുന്ന നിരവധി രാഷ്ട്രീയ നേതാക്കളുണ്ടെന്ന് നമുക്കറിയാം. എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള ഒരു മാര്ഗ്ഗമെന്നതിനല്കവിഞ്ഞ് അവര്‍ക്കൊന്നും മദ്യവ്യാപാരത്തിന്റെ സാമൂഹ്യദോഷങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ല എന്നതാണ് സത്യം. ഒരു പക്ഷെ ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരേയൊരു ബിസിനസ്സാണ് മദ്യവ്യാപാരം. ശരിയായ രീതിയിലുള്ള വ്യവസായവല്‍ക്കരണമോ, ഒരു വ്യവസായ നയം പോലുമോ, ഇല്ലാത്ത കാര്‍ഷിക മേഖലയില്‍നിന്ന് മൂലധനസമാഹരണത്തിന് യാതൊരു സാധ്യതയുമില്ലാത്ത കേരളം പോലുള്ള ഒരു സംസ്ഥാനത്ത് മൂലധന സമാഹരണത്തിനുള്ള ഒരു എളുപ്പവഴിയാണ് ഊഹകച്ചവടസ്വഭാവമുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയും, മദ്യവ്യപാരവും. കേരളസര്കാരിനാകട്ടെ നിത്യനിദാന ചിലവുകള്‍ക്കുള്ള ഒരു സ്രോതസ്സുമാണ്.
ഈ ഭ്രാന്തന് നയങ്ങളുടെ സഞ്ചിത ഫലങ്ങളിലൊന്നാണ് വര്‍ദ്ധിച്ചുവരുന്ന കേരളത്തിലെ ആത്മഹത്യനിരക്ക്. ശിഥിലമാകുന്ന കുടുംബങ്ങള്‍, മനോവൈകല്യമുള്ള കുട്ടികള്‍, തകരുന്ന മൂല്യങ്ങള്‍ മറ്റ് സാമ്പത്തീകവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ എല്ലാത്തിനും ഒരു കാരണം ഈ സാമൂഹികതിന്മ തന്നെയാണ്.
ആഗോളവത്കരണ–ഉദാരവല്‍ക്കരണ സാമ്പത്തീക നയങ്ങളുടെ ഒരു പരിണതഫലം കൂടിയാണ് വര്‍ദ്ധിച്ചു വരുന്ന മദ്യത്തിന്റെ ഉപഭോഗവും. പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി വിനോദസഞ്ചാരവ്യവസായത്തിനു ലഭിച്ച പ്രാമുഖ്യം മദ്യോപഭോഗത്തെ വലിയ രീതിയില്‍ വളര്‍ത്തിയിട്ടുണ്ട്. വിനോദസഞ്ചാരമെന്നാല്‍ കള്ളുകുടിയും പെണ്ണ് പിടിയുമാണെന്ന് വന്നിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തീക പ്രവര്‍ത്തനത്തിനുണ്ടായ തകര്‍ച്ചയും ഇതിന് ഒരു കാരണമായിട്ടുണ്ട്. പരാമ്പരാഗത വ്യവസായങ്ങളുടെയും കാര്‍ഷികമേഖലയുടെയും തകര്‍ച്ചയും, മുരടിച്ച വ്യവസായവത്കരണവും അതുമൂലമുണ്ടായ തൊഴില്‍ നഷ്ടങ്ങളും, സാധാരണക്കാരുടെ ജീവിതത്തിനുണ്ടായ അനിശ്ചിതത്ത്വവും പാവപ്പെട്ടമനുഷ്യരെ മദ്യത്തിന്റെ പിടിയിലേക്ക് വലിച്ചെറിയുന്നുണ്ട്. ആഗോളവല്കരണകാലഘട്ടത്തില് ലോകത്താകമാനം പടര്‍ന്നു പിടിച്ച ജീര്‍ണ്ണത കേരളത്തിലെ സാമ്പത്തീക – സാംസ്കാരിക – രാഷ്ട്രീയ മണ്ഡലങ്ങളെയാകെ ബാധിച്ചിട്ടുമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മദ്യോപഭോഗം ഇരട്ടിയോളമായി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കാണാം. ഈ പ്രവണത തുടരുകയാണെങ്കില്‍ സമീപഭാവിയില്‍ തന്നെ കേരള ജനത ഒന്നിനും കൊള്ളാത്ത മദ്യപന്മാരുടെ നാടായി മാറുമെന്നതിന് സംശയിക്കേണ്ടതില്ല. കോളോണിയല്‍ ചൈനയിലെ കറുപ്പ് തീറ്റിക്കാരായ ജനങ്ങളെ പോലെ കേരള ജനതയും ആയിതീര്‍ന്നേക്കാം.
ഒരു അഭിപ്രായം ഇടൂ